Share this Article
തെരുവുനായ കുറുകേ ചാടി, അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു, 26കാരൻ മരിച്ചു, അമ്മയ്ക്ക് പരിക്ക്
വെബ് ടീം
posted on 05-06-2026
1 min read
athul

തിരുവനന്തപുരം: അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിന്‍റെ കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയായ അതുൽ (26) ആണ് മരിച്ചത്. അമ്മ ജിഷയ്ക്ക് (51) അപകടത്തിൽ പരിക്കേറ്റു.

തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജങ്ഷനിൽ നിന്നു പോകുന്നതിനിടെ ശാന്തിനഗർ മാർക്കറ്റിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. പെട്ടെന്ന് റോഡിന് കുറുകേ ചാടിയ നായയെ ഇടിച്ച് സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അതുലിന്‍റെ തലയ്ക്കാണ് ഗുരുതമായി പരുക്കേറ്റത്. ഇരുവരേയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചികിത്സയിൽ കഴിയുന്ന ജിഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.തുമ്പ വിഎസ്എസ്‌സിയിലെ ഗവേഷണ വിദ്യാർഥിയാണ് അതുൽ. കോഴിക്കോട് സ്വദേശിയായ അതുൽ സ്റ്റേഷൻകടവ് നെഹ്റു ജങ്ഷനിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മകൻ ഒറ്റയ്ക്കായതിനാൽ കുറച്ചു ദിവസം മുൻപാണ് ജിഷ മകനൊപ്പം താമസിക്കാനെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories