ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തൃശൂരിലെ ബിജെപി പ്രാദേശിക നേതാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് ശ്രീകുമാറിനെതിരെയാണ് പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂൺ ഒൻപതാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടിൽ പോയി തിരികെ വരാൻ വൈകിയതിനെച്ചൊല്ലി ശ്രീകുമാർ ഭാര്യ പ്രിയങ്കയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രിയങ്കയുടെ മുഖത്തും തലയ്ക്കും മർദ്ദനമേൽക്കുകയും, ഭിത്തിയിലേക്ക് തലയിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ശ്രീകുമാർ മുൻപും തന്നെ പലതവണ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ഈ പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.