Share this Article
News Malayalam 24x7
ഓപ്പറേഷൻ തണ്ടർ: മാളയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 12 ലിറ്റർ ചാരായം പിടികൂടി
12 Liters of Contraband Liquor Seized in Mala

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ മാള അഷ്ടമിച്ചിറയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 12 ലിറ്റർ ചാരായം തൃശൂർ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ എക്സൈസ് പിടിച്ചെടുത്തു.


സംഭവത്തിൽ മാള വടമ സ്വദേശി കല്ലിങ്ങപ്പുറം വീട്ടിൽ ശശിയുടെ മകൻ സുഷേൺ ആണ് പിടിയിലായത്. തൃശൂർ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും മാള എക്സൈസ് റേഞ്ചും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാസങ്ങളായി വാഹനങ്ങളിൽ ചാരായം കടത്തി വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ രണ്ട് മാസത്തിലേറെയായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഏറെ നേരം രഹസ്യമായി പിന്തുടർന്ന ശേഷമാണ് പ്രതിയുടെ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. പരിശോധനയിൽ വാഹനത്തിൽ നിന്ന് 12 ലിറ്റർ ചാരായം കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആയുർവേദ മരുന്നുകളും പഴങ്ങളും ചേർത്ത് തയ്യാറാക്കിയതെന്ന പേരിൽ സമൂഹത്തിലെ ഉന്നതർക്കിടയിൽ രഹസ്യമായി ചാരായം വിതരണം ചെയ്തിരുന്നതായും, സ്പിരിറ്റ് കലർത്തി തയ്യാറാക്കിയ മദ്യമാണ് വിൽപ്പന നടത്തിയിരുന്നതെന്നുമാണ് എക്സൈസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതി പിടിയിലായത്.

'ഡ്രോപ്പ് ആൻഡ് പിക്ക്' രീതിയിലായിരുന്നു വിൽപ്പന. ഒരു ലിറ്റർ വീതമുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച ചാരായം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ഒളിപ്പിച്ച ശേഷം അതിന്റെ ഫോട്ടോ വാങ്ങുന്നവർക്ക് അയച്ചുനൽകിയാണ് കൈമാറ്റം നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.പരിശോധനയ്ക്ക് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എൻ. സന്തോഷ്, മാള റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എം. ബാബു, സി.എ. ജോഷി, വി.എം. ജബ്ബാർ, എം.ആർ. നെൽസൻ, കെ.വി. ജീസ് മോൻ, കെ.എൻ. സുരേഷ്, പി.വി. ബെന്നി, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എസ്. റിഹാസ്, നിഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി എന്നിവർ നേതൃത്വം നൽകി.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories