Share this Article
News Malayalam 24x7
ഫ്രഷ് കട്ട് ഫാക്ടറി സമരം താത്കാലികമായി നിർത്തിവെച്ചു; പ്ലാൻ്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റാൻ കമ്പനി സന്നദ്ധത അറിയിച്ചതായി പി.കെ ഫിറോസ് എംഎൽഎ
വെബ് ടീം
12 hours 15 Minutes Ago
1 min read
pk firoz

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെയുള്ള ജനകീയ സമരം താത്കാലികമായി നിർത്തിവെച്ചു. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോടതി വിധി വരുന്നതുവരെ യാതൊരു കാരണവശാലും ഫാക്ടറി തുറന്നു പ്രവർത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് ജനകീയ സമിതി സമരം താൽക്കാലികമായി നിർത്തിയത്.ജനപ്രതിനിധികളായ എംഎൽഎമാരും താമരശേരി ഡിവൈഎസ്പിയും ഫാക്ടറി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ഈ സുപ്രധാന ധാരണയായത്. അന്തിമ വിധി വരുന്നത് വരെ ഫാക്ടറിക്കകത്തേക്കും പുറത്തേക്കും സാധനങ്ങളുമായി വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ഇതിന്റെ തുടർനടപടികളുടെ ഭാഗമായി അടുത്ത ദിവസം തന്നെ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ജില്ലാ കലക്ടറുടെ പ്രതിനിധിയും ഫാക്ടറി സന്ദർശിച്ച് പരിശോധന നടത്തും.

അതേസമയം, ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് ഫാക്ടറി മറ്റൊരിടത്തേക്ക് മാറ്റുന്നതിന് കമ്പനി സന്നദ്ധത അറിയിച്ചതായി പി.കെ ഫിറോസ് എംഎൽഎ സമരക്കാരെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പ് എന്ന നിലയിൽ, സർക്കാരുമായി ആലോചിച്ച് ജനവാസ മേഖലയല്ലാത്ത മറ്റൊരിടം കണ്ടെത്തി ഫാക്ടറി മാറ്റി സ്ഥാപിക്കാനുള്ള നിർദേശമാണ് കമ്പനി അംഗീകരിച്ചിട്ടുള്ളത്. ഇതിനായി സർക്കാർ തലത്തിൽ ചർച്ചകൾ നടത്തി ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories