തൃശൂർ: കാണാതായ നാലു പെൺകുട്ടികളെ രാത്രികാല പട്രോളിങ്ങിനിടെ കണ്ടെത്തി തൃശൂർ സിറ്റിയിലെ കൺട്രോൾ റൂം വെഹിക്കിളിലെ പൊലീസ് ഉദ്യോഗസ്ഥർ.സെപ്റ്റംബർ പതിനെട്ടാം തീയതി രാത്രിയിൽ കൺട്രോൾ റൂമിൻെറ നാലാം നമ്പർ വാഹനത്തിൽ പട്രോളിങ്ങിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോസ്ഥരായ അജയഘോഷ്, പ്രജീഷ് എന്നിവർ പട്രോളിങ്ങ് നടത്തുന്ന സമയത്താണ് നെല്ലിക്കുന്ന് പരിസരത്തുനിന്നും നാല് പെൺകുട്ടികളെ കാണാതായിട്ടുണ്ട് എന്ന മെസേജ് കൺട്രോൾ റൂമിൽ നിന്നും വയർലെസ്സിലൂടെ ലഭിക്കുന്നത്. അവരുടെ ഫോട്ടോയും മൊബൈൽ ഫോണിൽ അയച്ചു കിട്ടിയതോടെ അവർ വളരെ ജാഗ്രതയിൽ പട്രോളിങ്ങ് തുടർന്നു.
കൊക്കാല പരിസരത്ത് എത്തിയപ്പോൾ നാലു പെൺകുട്ടികൾ ഇരുട്ടിലൂടെ റോഡിൻെറ അരികുചേർന്ന് പോകുന്നത് കാണുകയായിരുന്നു. അവരുടെ അടുത്തെത്തി പേരുവിവരം ചോദിച്ചപ്പോൾ മറ്റു പേരുകളായിരുന്നു പറഞ്ഞതെങ്കിലും സംശയംതോന്നിയ പോലീസ് ഉദ്യോഗസ്ഥർ മൊബൈലിലെ ചിത്രം പരിശോധിച്ച് അവർ തന്നെ എന്ന് ഉറപ്പിച്ചപ്പോൾ കൺട്രോൾ റൂമിലേക്ക് വിവരം അറിയിക്കുകയും അല്പസമയത്തിനുള്ളിൽ പിങ്ക് പോലീസ് പട്രോൾ ടീം സ്ഥലത്തെത്തി പെൺകുട്ടികളോട് സംസാരിച്ച് അവരെ വനിത പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
കുട്ടികൾ ട്രെയിൻ മുഖേന മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ ഉദ്ദേശിച്ചാണ് യാത്രപുറപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി. കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യതയാർന്ന പ്രവർത്തനത്തിലൂടെയാണ് നാലു പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത്.