തൃശൂർ: കുട്ടികൾക്ക് നൽകിയ ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി. മതിലകം കളരിപ്പറമ്പ് സ്വദേശി കരുതവീട്ടിൽ രാംവിലാസിനെയാണ് (30) മതിലകം പൊലീസ് അറസ്റ്റുചെയ്തത്.
കളരിപറമ്പ് കുന്നത്ത് വീട്ടിൽ സലീഷ്(40), ഭാര്യ, പ്രായപൂർത്തിയാകാത്ത ഇവരുടെ രണ്ട് പെൺമക്കൾ എന്നിവരെയാണ് ക്രൂരമായി മർദിക്കുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.
കുട്ടികൾക്ക് ഡാൻസ് പരിശീലനത്തിനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.