വടകര: എംഡിഎംഎ കേസിൽ പെട്ട അധ്യാപികയായിരുന്ന കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ പങ്കാളിയാണെന്നാണ് വിവരം.സാരമായി പരിക്കേറ്റ കീർത്തനയെ വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജാമ്യ വ്യവസ്ഥയനുസരിച്ച് പൊലീസിനുമുമ്പാകെ ഒപ്പിടാൻ എത്തിയപ്പോൾ ഇന്നുരാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ആക്രമണം. സ്റ്റേഷനുസമീപത്ത് നിൽക്കുകയായായിരുന്ന ജിനീഷ് കീർത്തനയെ കണ്ടതോടെ ഓടിയെത്തി കുത്തുകയായിരുന്നു. ജിനീഷിനെ ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴുത്തിനുൾപ്പെടെ അഞ്ചിലധികം കുത്തുകളേറ്റു എന്നാണ് റിപ്പോർട്ട്.
പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ജിനീഷുമായി പിണങ്ങിക്കഴിയുകയായിരുന്നു കീർത്തന. ഇതിനിടെയാണ് കേസിൽ അറസ്റ്റിലായത്.പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അദ്ധ്യാപികയായിരുന്നു കീർത്തന. എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായതിന് പിന്നാലെ ഇവരെ ബിആർസി ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. താൻ നിരപരാധിയാണെന്നാണ് അറസ്റ്റിലായതിനുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റുചെയ്തതെന്നാണ് പൊലീസ് പറയുന്നത്.