മലപ്പുറം: കൈക്കൂലി പണം ടോയ്ലറ്റ് ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. തിരുരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കാട്ടാക്കട സ്വദേശി ശ്രീജിയാണ് പിടിയിലായത്. ക്ലോസറ്റ് പൊളിച്ച് പൈപ്പിലൂടെ വെള്ളം പമ്പ് ചെയ്ത് വിജിലന്‍സ് സംഘം പണം വീണ്ടെടുക്കുകയായിരുന്നു.പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസന്‍സ് അനുവദിക്കുന്നതിനായണ് ശ്രീജി 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വാടകയ്ക്ക് താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ റൂമില്‍ എത്തി പണം കൈമാറണമെന്നായിരുന്നു വ്യവസ്ഥ. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം പണം കൈമാറിയ ശേഷം പരാതിക്കാരി റൂമില്‍ നിന്നും ഇറങ്ങി കെട്ടിടത്തിന് താഴെ എത്തിയ സമയം വിജിലന്‍സ് സംഘം പ്രതിയുടെ റൂമിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ സംശയം തോന്നിയ ശ്രീജി കൈക്കൂലി പണം ടോയ്ലറ്റിലെ ക്ലോസറ്റില്‍ നിക്ഷേപിച്ച് ഫ്‌ലഷ് ചെയ്തു. എന്നാല്‍ വിജിലന്‍സ് സംഘം പലയാവര്‍ത്തി പണത്തെക്കുറിച്ച് ചോദിച്ചതില്‍ പരസ്പരവിരുദ്ധമായി പറഞ്ഞ് വിജിലന്‍സ് സംഘത്തെ ശ്രീജി തെറ്റിദ്ധരിപ്പിച്ചു. വിജിലന്‍സ് സംഘം വീട്ടിലും സമീപങ്ങളിലും പരിശോധന നടത്തുകയെങ്കിലും ഒന്നും കൈക്കൂലി പണം കണ്ടെത്താനായില്ല.
പണം വാങ്ങിയില്ലെന്ന് ആവര്‍ത്തിച്ച ശ്രീജി വിശദമായ ചോദ്യം ചെയ്യലില്‍ പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത വിവരം വിജിലന്‍സിനോട് സമ്മതിച്ചു. തുടര്‍ന്ന് ശ്രീജിയുടെ സാന്നിധ്യത്തില്‍ ക്ലോസറ്റ് പൊളിച്ച് മാറ്റിയ ശേഷം പൈപ്പിലൂടെ ഹൈ പ്രഷറില്‍ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയില്‍ പൈപ്പില്‍ ബെന്റുകളില്‍ തങ്ങി നിന്ന കൈക്കൂലി പണം വിജിലന്‍സ് കണ്ടെത്തുകയും, ഇതോടെ ട്രാപ്പ് ഓപ്പറേഷനില്‍ വിജിലന്‍സ് സംഘം നിര്‍ണായക തെളിവ് വീണ്ടെടുക്കുകയും ചെയ്തു.
തിരൂരങ്ങാടി നഗരസഭ പരിധിയിലെ ചെമ്മാട്‌കൊടിഞ്ഞി റോഡില്‍ പുതുതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസന്‍സ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നല്‍കിയിരുന്നത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും 'പേപ്പര്‍ ക്ലിയര്‍ അല്ല' എന്ന് പറഞ്ഞ് അപേക്ഷകള്‍ മടക്കിയതിനെ തുടര്‍ന്ന് ലൈസന്‍സ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരി സുഹൃത്ത് മുഖേന പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിയെ സമീപിച്ചതും, ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതും.