Share this Article
ചികിത്സയിലിരിക്കെ 17കാരി മരിച്ചു; മരണ കാരണം ചികിത്സാപ്പിഴവെന്ന് കുടുംബം
17-Year-Old's Passing During Treatment

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂര്‍ പ്രശാന്ത്-രാജലക്ഷ്മി ദമ്പതികളുടെ മകള്‍ ആര്‍ഷ ആണ് മരിച്ചത്. ആശുപത്രി ആധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ചികിത്സാപ്പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഛര്‍ദ്ദിയെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് ആര്‍ഷയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. നില വഷളായതോടെ കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നല്‍കിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണു മരണത്തിന് ഇടയാക്കിയതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories