Share this Article
വിനോദയാത്ര വിവാദം; പ്രിൻസിപ്പാളും PTA പ്രസിഡൻ്റും ബാറിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
വെബ് ടീം
1 hours 47 Minutes Ago
1 min read
wayanad tour

മീനങ്ങാടി: സ്കൂൾ വിനോദയാത്രയ്ക്കിടെ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയും പിടിഎ പ്രസിഡന്റ് എസ്. ഹാജിസും ചേർന്ന് ബാറിലിരുന്ന് മദ്യപിച്ചതായി ആരോപണം. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആന്റ് റെസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ചെത്തിയതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ബാറിലെ ബില്ല് പേ ചെയ്തതിന്റെ വിവരങ്ങളുമാണ് പുറത്തുവന്നത്.  മദ്യപിച്ചതിന്റെ ബില്ല് തുകയായ 1100 രൂപ പി.ടി.എ. പ്രസിഡന്റ് തന്റെ സ്വന്തം അക്കൗണ്ടിൽനിന്ന് എ.ടി.എം. കാർഡ് വഴിയാണ് ബാറിൽ അടച്ചത്.ബാറിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് ഹോട്ടലിൽ ആയിരുന്നു വിനോദയാത്രയിൽ പങ്കെടുത്ത വിദ്യാർഥികളിൽ പകുതിപ്പേരും താമസിച്ചിരുന്നത്. ഉച്ചസമയത്ത് പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിക്കാനായി ബാറിലേക്ക് കയറിപ്പോകുന്നത് ചില വിദ്യാർഥികൾ കണ്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നത്.അതിനിടെ, വിനോദയാത്രയിലെ മദ്യപാന ആരോപണത്തിന് പിന്നാലെ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷിവി കൃഷ്ണ നൽകിയ പരാതിയിലായിരുന്നു ട്രിബ്യൂണലിന്റെ നടപടി. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർഥികൾ സ്കൂളിൽ പഠിപ്പുമുടക്കി സമരം തുടരുന്നതിനിടയിലാണ് ഉത്തരവ് മരവിപ്പിച്ചത്.

നേരത്തെ, മദ്യപാന ആരോപണവുമായി ബന്ധപ്പെട്ട് റിജണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി.) അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രിൻസിപ്പൽ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്ന് ആർ.ഡി.ഡി. കണ്ടെത്തി. ആർ.ഡി.ഡി.യുടെ അനുമതിയില്ലാതെയാണ് യാത്ര ചെയ്തത് എന്ന കാരണം ചൂണ്ടിക്കാട്ടി ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories