മലപ്പുറത്ത് തിയേറ്ററിൽ വൻ തീപിടിത്തം. മലപ്പുറം കോട്ടപ്പടിയിലുള്ള പത്മ തിയേറ്ററിൽ ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ നാലേകാലോടെയാണ് സംഭവം. രണ്ട് സ്‌ക്രീനുകളുള്ള തിയേറ്ററിലെ 'സ്‌ക്രീൻ-2' വിലാണ് തീപിടിത്തമുണ്ടായത്.രണ്ട് പുതിയ ചിത്രങ്ങൾ ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെയാണ് സംഭവം നടന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ ഉടൻ മലപ്പുറം അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റുകൾ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. അഗ്നിരക്ഷാ സേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്കും തിയേറ്ററിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാതെ തടയാനായി.