കൊച്ചിയിലെ സ്വകാര്യ ബസുകളുടെ അമിതവേഗത്തിലും അപകടകരമായ ഡ്രൈവിങ്ങിലും രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഡ്രൈവർമാർ റോഡുകളുടെ ഉടമകളല്ലെന്നും കാലന്മാരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കാക്കനാട് ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരി മരിച്ച സംഭവത്തിൽ ഡ്രൈവർ എട്ടു ക്രിമിനൽ കേസുകളിലെ പ്രതിയെന്നത് ഞെട്ടിക്കുന്നു. പൊലീസിനെയും കോടതി വിമർശിച്ചു. നടപ്പാതകൾ സ്ഥാപിക്കാത്തതിൽ കൊച്ചി കോർപ്പറേഷന് അന്ത്യശാസനവും നൽകി.ചൊവ്വാഴ്ചയാണ് കാക്കനാട് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി അക്ഷര (28) ബസിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയ ‘മലയിൽ’ എന്ന ബസിന്റെ ഡ്രൈവർ സി.െക.ബിനോയി (43) ലഹരി, അടിപിടിക്കേസുകളിൽ അടക്കം പ്രതിയാണ്. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അപകടമുണ്ടാക്കിയ സമയത്ത്, ബിനോയിയുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ബസ് ഉടമ അപേക്ഷിച്ചിരുന്നു എന്ന കാര്യവും പുറത്തുവന്നു. ബിനോയി ഇത്രയധികം കേസുകളിൽ പ്രതിയാണെന്നത് ബസ് ഉടമ മറച്ചുവച്ചെന്ന് പൊലീസ് ഇന്ന് കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ജിമ്മിൽനിന്നു മടങ്ങുമ്പോഴാണ് അക്ഷരയെ അമിതവേഗത്തിൽ എതിരെ വന്ന ബസ് ഇടിച്ചിട്ടത്. പിൻചക്രം കയറി അക്ഷര തൽക്ഷണം മരിച്ചു. അക്ഷരയുടെ മരണത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇൻഫോപാർക്ക് ജീവനക്കാരടക്കം ഇന്നലെ നഗരത്തിൽ പ്രതിഷേധിച്ചിരുന്നു. ബസ് ഉടമയ്‌ക്കെതിരെ പൊലീസ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ബസ് കസ്റ്റഡിയിലെടുത്ത് കോടതിക്കു കൈമാറുകയും ചെയ്തു. ഇതിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കർശനമായ നടപടികൾ ഉണ്ടായേ തീരൂ എന്നാണ് ഇന്ന് കോടതിയിൽ ഹാജരായ ഡിസിപി അരുൺ കെ.പവിത്രന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ നിർദേശം.