ശബരിമല: മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു.തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നട തുറന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ നട തുറക്കുന്ന വേളയിൽ സന്നിഹിതനായിരുന്നു. ശബരിമല, മാളികപ്പുറം ക്ഷേത്രത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ നടതുറക്കുന്ന സമയം പതിനെട്ടാം പടിക്ക് താഴെയായി നിലകൊണ്ടു.
ആദ്യദിവസം തന്നെ സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചത്. തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തൻ കാർമികത്വം വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ആഴിയിൽ അഗ്നി പകർന്ന ശേഷം നിലവിലെ മേൽശാന്തിമാർ സോപാനത്തേക്ക് ആനയിച്ചു. അരീക്കര ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയാണ് പുതിയ ശബരിമല മേൽശാന്തി. ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തി.