കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ രണ്ടാനമ്മയായ ബിഹാർ സ്വദേശിനി നൂർ നാസർ പാലക്കാട് കഞ്ചിക്കോട് അറസ്റ്റിലായി.
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ്. അഞ്ചു വയസ്സുകാരിയായ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് രണ്ടാനമ്മയായ നൂർ നാസറിനെ പ്രകോപിപ്പിച്ചത്. ഇതിന് ശിക്ഷയെന്ന നിലയിലാണ് കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി പൊള്ളലേൽപ്പിച്ചത്.കൈയിലും കാലിലുമെല്ലാം പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസ് ഉടൻ തന്നെ കേസെടുക്കുകയും, പ്രതിയായ നൂർ നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് രണ്ടാനമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്.