Share this Article
News Malayalam 24x7
വെറും കാഴ്ചക്കാരനല്ല, അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍
വെബ് ടീം
posted on 17-06-2026
1 min read
tea seller

കൊച്ചി: വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്നവർക്കിടയിൽ വ്യത്യസ്തമാവുകയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലെ  ചായവിൽപ്പനക്കാരൻ. സ്വന്തം ജോലിക്കിടയിലാണ് സമയവും സന്ദർഭവും നോക്കാതെ  ചായവിൽപ്പനക്കാരന്റെ ഒരുകൈ സഹായം. അപകടത്തില്‍ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കിയാണ്  ചായ വില്‍പ്പനക്കാരന്‍ സമയോചിത നടപടിയെടുത്തത്.

തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പില്‍ എം ആര്‍ ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നല്‍കിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലാണ് അപകടമുണ്ടായത്.കടകളില്‍ ചായ നല്‍കാനായി സൈക്കിളില്‍ എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.പ്രൈവറ്റ് ബസിന്റെ മുന്നിലെ ചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. അപകടം കണ്ട് ആളുകള്‍ ഓടിയെത്തി ബസ് പിന്നോട്ടെടുപ്പിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചപ്പോള്‍ യുവതിയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും കീറിപ്പോകുകയായിരുന്നു.ഇവരെ എഴുന്നേല്‍പ്പിച്ച ഉടന്‍ ഷാജി താന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് യുവതിയെ പുതപ്പിച്ചു. പിന്നീട് സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories