കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ മുഹമ്മദ് ഷിയാസ് പങ്കെടുത്തത് സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി. കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫിനൊപ്പമാണ് ഷിയാസ് ഘോഷയാത്രയുടെ ഭാഗമായത്. കൊച്ചി മേയർ വി.കെ മിനിമോളും നഗരത്തിലെ ശോഭായാത്രയിൽ പങ്കെടുത്തിരുന്നു.
മുഹമ്മദ് ഷിയാസിന്റെ സാന്നിധ്യത്തെ പരസ്യമായി അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബുവും സംസ്ഥാന നേതാവ് കെ.പി. ശശികലയും. എംഎൽഎയുടെ നടപടി മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ആർ.വി ബാബു ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ജനപ്രതിനിധികൾ പിന്തുടരേണ്ട മാതൃകയാണിതെന്ന് കെ.പി ശശികലയും കുറിച്ചു.
വിഷയം രാഷ്ട്രീയ വിവാദമായി വളർന്നിട്ടും വ്യക്തമായ പ്രതികരണം നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. 'തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല' എന്നായിരുന്നു കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ മറുപടി.