കോട്ടയത്തെ കാറ്ററിംഗ് തട്ടിപ്പിനെതിരായ പരാതിയിൽ കാറ്ററിംഗ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ ആണ് പിടിയിലായത്. കല്യാണത്തിന് ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ ആയിരുന്നു തട്ടിപ്പ്. മൂന്ന് കല്യാണങ്ങൾക്ക് ആണ് ഇയാൾ ഭക്ഷണം നൽകാതിരുന്നത്.
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ്, മുണ്ടക്കയം പോലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലുമായാണ് കേസുകൾ ഉള്ളത്.സെപ്റ്റംബർ 13-ന് മുണ്ടക്കയം, കഞ്ഞക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹങ്ങൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പണം വാങ്ങിയത്. എന്നാൽ, ആവശ്യപ്പെട്ട സമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന കാണിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ ബിഎൻഎസ് 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.