കൊച്ചി നഗരത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി മോഷണം. പാലരിവട്ടം സംസ്‌കാര ജങ്ഷനിലെ വാടക വീട്ടിലായിരുന്നു സംഭവം. മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. പശ്ചിമബംഗാള്‍, അസം സ്വദേശികളായ മൂന്ന് സ്ത്രീകളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മാരാകയുധങ്ങളുമായി അഞ്ചംഗ സംഘം വീട്ടിലേത്ത് അതിക്രമിച്ചു കയറിയത്.
അകത്തുനിന്ന് വാതില്‍ പൂട്ടിയശേഷം കത്തികാണിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ദേഹോപദ്രവും ഏല്‍പ്പിച്ചു. തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 1,20,000 രൂപ, 3,05,000 വിലയുള്ള പത്ത് മൊബെല്‍ ഫോണുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ കവര്‍ന്നു.
ഒരാളെ ഭീഷണിപ്പെടുത്തി പാസ്വേര്‍ഡ് കൈവശപ്പെടുത്തി യുപിഐ ട്രാന്‍സാക്ഷനിലൂടെ 12,000 രൂപയും പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. തുടര്‍ന്നാണ് സ്ത്രീത്തൊഴിലാളികളായ മൂന്നുപേരുടെ വസ്ത്രം ബലമായി അഴിച്ച് വിവസ്ത്രരാക്കിയത്. അന്വേഷണം ആരംഭിച്ചതായും പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.