കണ്ണൂർ: ഓൺലൈനായി വാങ്ങിയ വസ്ത്രം റിട്ടേൺ ചെയ്യാൻ ശ്രമിച്ച 54കാരന് അഞ്ചര ലക്ഷം രൂപ നഷ്ടമായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. 300 രൂപ വിലയുള്ള വസ്ത്രം റിട്ടേൺ ചെയ്യുന്നതിനായി ഇന്റർനെറ്റിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലാണ് ഇയാൾ ബന്ധപ്പെട്ടത്.
എന്നാൽ ഇന്റർനെറ്റിൽ കസ്റ്റമർ കെയർ എന്ന പേരിൽ നൽകിയിരുന്നത് തട്ടിപ്പ് സംഘത്തിന്റെ നമ്പറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫോണിൽ ബന്ധപ്പെട്ടതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കി. തുടർന്ന് പലതവണകളായി അക്കൗണ്ടിൽ നിന്ന് ആകെ അഞ്ചര ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ സേവനങ്ങളുടെ കസ്റ്റമർ കെയർ നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റുകളിൽനിന്ന് മാത്രം പരിശോധിച്ച് ഉപയോഗിക്കണമെന്നും ബാങ്ക് വിവരങ്ങളും ഒടിപി ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങളും മറ്റാരുമായും പങ്കിടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.