വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിനെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ് ഉൾപ്പെടെയുള്ള മൂന്ന് കൗൺസിലർമാർക്ക് പൊലീസ് നോട്ടിസ് നൽകി. നാളെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്ക് നോട്ടിസ് നൽകാനായി പൊലീസ് അവരുടെ വസതിയിൽ എത്തിയെങ്കിലും അവർ സ്ഥലത്തില്ലാത്തതിനാൽ നോട്ടിസ് നൽകാൻ കഴിഞ്ഞില്ല. ശ്രീലേഖ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അടുത്തിടെയുണ്ടായ നെയ്യാറ്റിൻകര സമരത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിലുടനീളം വലിയ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. മാർച്ചിൽ ആർ. ശ്രീലേഖ പൊലീസിനെതിരെ നടത്തിയ പ്രസ്താവനകളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ കൗൺസിലർമാർക്ക് പൊലീസ് നോട്ടിസ് നൽകിയിരിക്കുന്നത്.