തിരുവനന്തപുരം: മണ്ഡലപുനർനിർണയ ബിൽ പാർലമെന്റിലെത്തുമ്പോൾ ഓരോ വോട്ടും നിർണായകമായ ഘട്ടത്തിൽ കെ.സുധാകരൻ എംപിയുടെ വിദേശയാത്ര കോൺഗ്രസിനു തലവേദനയാകുന്നു. യുഎസിലെ ചികിത്സയ്ക്കായി സുധാകരൻ കുടുംബസമേതം 26ന് രാത്രിയാണ് അബുദാബിയിലേക്കു പോയത്. വിദേശത്തുള്ള കെ.സുധാകരനെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണു കോൺഗ്രസ് നേതാക്കൾ.
സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. അടുപ്പമുള്ളവരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ അറിയിച്ചിട്ടാണ് സുധാകരൻ വിദേശത്ത് പോയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. 540 അംഗ ലോക്‌സഭയിൽ 360 പേരുടെ പിന്തുണയാണ് കേന്ദ്രസർക്കാരിനു ബിൽ പാസാക്കാൻ ആവശ്യമായി വരുന്നത്.