തൃശൂർ: തൃശൂർ അസിസ്റ്റൻറ് കമ്മീഷണറുടെ തത്സമയ ഇടപെടലിൽ വിദ്യാർത്ഥിനിക്ക് സെമസ്റ്റർ പരീക്ഷ എഴുതാനായി. സംഭവമിങ്ങനെ ചിറ്റിലപ്പിള്ളി IES കോളേജിലെ വിദ്യാർത്ഥിനി മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി പുറപ്പെട്ടതായിരുന്നു. 1.30 നാണ് പരീക്ഷ അല്പം നേരത്തെ ഇറങ്ങിയെങ്കിലും പഠിക്കാനുള്ള തിരക്കിനിടയിൽ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രണത്തെ കുറിച്ച് ഓർത്തില്ല. രാഷ്ട്രപതി ലുലു കൺവെൻഷൻ സെന്ററിലേക്ക് വരുന്ന സമയമായതിനാൽ യാതൊരു വാഹനവും റോഡിലുണ്ടായിരുന്നില്ല. ഏതെങ്കിലും വാഹനത്തിന് കൈകാണിക്കാമെന്നുകരുതി അല്പ സമയം കാത്തുനിന്നു. സമയ കഴിയുന്തോറും വേവലാതി കൂടി. സമയം ഒരു മണിയോടടുത്തു. റോഡിലിറങ്ങി. ഏറെ വിഷമത്തോടെ ലുലുവിൻറെ ഭാഗത്തേക്ക് നടന്നു നീങ്ങി. ഓട്ടോറിക്ഷയോ ബൈക്കോ ഒന്നും കാണുന്നില്ല. ഇനി ഫോൺചെയ്താലുും റോഡ് മുഴുവൻ സ്റ്റെറൈൽ ചെയ്തതുകൊണ്ട് വാഹനം കടത്തിവിടുകയുമില്ല.
നിമിഷങ്ങൾക്കുള്ളിൽ രാഷ്ട്രപതി ലുലുവിലേക്ക് എത്തും. അസ്വഭാവികമായി ഒരു വിദ്യാർത്ഥി റോഡിൽ നിക്കുന്നതുകണ്ടപ്പോൾ തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ടി. ആർ രാജേഷ് വിദ്യാർത്ഥിയുടെ അടുത്തെത്തി.
രാഷ്ട്രപതി വരുന്ന സമയമാണ് റോഡിൽ നിന്നും അല്പം മാറി ആ തണലത്തേക്ക് നിന്നോളൂ. എവിടേക്കാ പോകേണ്ടത്....
ചോദ്യം മുഴുവനായില്ല വിദ്യാർത്ഥിനിയുടെ കണ്ണുകൾ നിറഞ്ഞു.
സാർ ചിറ്റിലപ്പിള്ള IES കോളേജിലെ വിദ്യാർത്ഥിയാണ് മൂന്നാം സെമസ്റ്റർ പരീക്ഷ 1.30 ന് തുടങ്ങും ഇനി അരമണിക്കൂറേയുള്ളൂ...
പറഞ്ഞു തീരുമ്പോഴേക്കും രാഷ്ടപതിയുടെ വരവറിയിച്ചുള്ള മെസേജ് വയർലസ്സ് സെറ്റിലെത്തി.
അസിസ്റ്റൻറ് കമ്മീഷണർ മെസേജിന് മറുപടികൊടുത്ത് മോളെ ആശ്വസിപ്പിച്ചു. "മോളെ , ധൈര്യമായിരിക്ക് മോളെ ഞാൻ കൃത്യസമയത്ത് എത്തിക്കാം അല്പം അങ്ങോട് മാറിനിൽക്കൂ ഞാനിപ്പോൾ വരാം..രാഷ്ട്രപതി ഇതാ ഇപ്പോൾ എത്തും. "
വിദ്യാത്ഥി ആല്പം മാറിനിന്നു. പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തു വലിയൊരു വാഹനവ്യൂഹം ലുലുവിനുള്ളിലേക്ക് കടന്നുപോയി. അവസാന വാഹനവും കടന്നുപോയപ്പോൾ വിദ്യാർത്ഥി ചുറ്റുപാടും നോക്കി പോലീസ് ഉദ്യോഗസ്ഥനെ കാണുന്നില്ല. ഇനി ഈ തിരക്കിൽ എങ്ങനെ വരാനാണ്. എന്നെ ആശ്വസിപ്പിച്ച് വഴിമാറാൻ പറഞ്ഞതായിരിക്കും. വിദ്യാർത്ഥി മുഖം അമർത്തിതുടച്ച് ദീർഘനിശ്വാസത്തോടെ മുന്നോട്ടു നടക്കാൻ തുടങ്ങി.
മോളെ വേഗം കയറ്. എനിക്ക് വേഗം തിരിച്ചെത്തണം.
അസിസ്റ്റൻറ് കമ്മീഷണർ വാഹനവുമായി അടുത്തെത്തി. അവൾക്ക് ആശ്വാസം അടക്കാനാകാതെ താങ്ക്യൂ സാർ എന്നു പറഞ്ഞ് വാഹനത്തിലേക്കുകയറി.
പരീക്ഷയൊക്കെയാകുമ്പോൾ വാർത്തയൊക്കെ ശ്രദ്ധിക്കണ്ടേ എല്ലാ മാധ്യമങ്ങളിലും ഉണ്ടായിരുന്നല്ലോ ഗതാഗത നിയന്ത്രണത്തെപറ്റി. പിന്നെ രാഷ്ട്രപതിയുടെ സന്ദർശനത്തിലുള്ള സുരക്ഷയുടെ പ്രാധാന്യം അതും നമ്മൾ മനസ്സിലാക്കണ്ടേ... പോലീസ് ഉദ്യോഗസ്ഥൻ അല്പം ഡ്യൂട്ടി വിശേഷവും കുട്ടി അല്പം പരീക്ഷാവിശേഷവും പങ്കുവച്ചുകഴിയുമ്പോഴേക്കും കോളേജിനുമുന്നിലെത്തി.
ഇനി അഞ്ചുമിനിറ്റുകൂടി ബാക്കിയുണ്ട് മോള് വേഗം പോക്കോളൂ ധൃതിപിടിക്കാതെ ആശ്വാസമായി എഴുതണം. എഴുതിയാൽ പോരാ പാസ്സാകണം എൻറെ എല്ലാവിധ ആശംസകളും.
വാഹനത്തിൽ നിന്നിറങ്ങിയ വിദ്യാർത്ഥി നിറകണ്ണുകളോടെ സന്തോഷം അറിയിച്ച് കോളേജിലേക്ക് കടന്ന് വീണ്ടും തിരിഞ്ഞു നോക്കി.
സുരക്ഷാ ദൗത്യം പൂർത്തിയാക്കാനുള്ള തിരക്കോടെ പോലീസ് വാഹനം മടങ്ങി.