കൊച്ചി: ബലാത്സംഗക്കേസിൽ മലയാള ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണയെ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. വിധിക്കുശേഷം മാധ്യമങ്ങളോട് സംസാരിച്ച ലിജു കൃഷ്ണ, തന്നെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു. ഒരു വനിതാ ചലച്ചിത്ര പ്രവർത്തകയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. നീതി ലഭിച്ചതിൽ സന്തോഷമെന്ന് സംവിധായകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പടവെട്ട്' എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജു കൃഷ്ണയെ യുവതി നൽകിയ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ 2022 മാർച്ച് ആറിനാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രത്തിന്റെ തിരക്കഥാ രചനയിൽ സഹായിച്ചിരുന്ന യുവതിയാണ് ലിജു കൃഷ്ണയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സിനിമയുടെ നിർമാണത്തിനായി വാടകയ്ക്കെടുത്ത വീട്ടിൽവെച്ച് ലിജു തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ ആരോപണം. കടുത്ത ആരോഗ്യപ്രശ്നങ്ങളും മാനസികാഘാതവും നേരിട്ടിരുന്ന കാലത്തും പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും അവർ ആരോപിച്ചിരുന്നു.സംഭവം പുറത്തുപറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞ് ലിജു തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി കുറിപ്പിൽ ആരോപിച്ചു.
രണ്ടുവർഷത്തോളം അതിക്രമം തുടർന്നതായും പരാതി നൽകാൻ കഴിയുന്ന തരത്തിലുള്ള ആഭ്യന്തര സമിതി സിനിമാ മേഖലയിലോ ബന്ധപ്പെട്ട സ്ഥാപനത്തിലോ ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കിയിരുന്നു.
'സിനിമയിൽ പ്രവർത്തിച്ചിരുന്ന മറ്റുള്ളവരോട് ഇക്കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പരസ്പര സമ്മതത്തോടെയാണ് ബന്ധം നടന്നതെന്നാണ് അദ്ദേഹം എല്ലാവരോടും പറഞ്ഞത്' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലെ ആരോപണം.
ലിജു കൃഷ്ണ അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിൽ കേരള ഫിലിം ഡയറക്ടേഴ്‌സ് യൂണിയനായ ഫെഫ്ക അദ്ദേഹത്തിന്റെ താൽക്കാലിക അംഗത്വം റദ്ദാക്കിയിരുന്നു. പരാതിക്കാരിക്കൊപ്പമാണ് സംഘടനയെന്നും ലിജു കൃഷ്ണയുടെ താൽക്കാലിക അംഗത്വം റദ്ദാക്കിയെന്നും ഫെഫ്ക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.അതേസമയം, 'പടവെട്ട്' നിർമിച്ച സരിഗമ പ്രൊഡക്ഷൻസിനോട് ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽനിന്ന് ലിജു കൃഷ്ണയുടെ പേര് നീക്കം ചെയ്യണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.