തൃപ്രയാർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. തൃപ്രയാർ ബസ് സ്റ്റാന്റിനു സമീപം പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ജോലിചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട് .
കരയാമുട്ടം സൊസൈറ്റിക്ക് സമീപം യുവതി താമസിക്കുന്ന വാടകവീട്ടിൽ വെച്ചാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.