Share this Article
News Malayalam 24x7
വനത്തിലേക്ക് പോയയാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സംശയം
Munnar Estate Worker Found Dead Near Forest

ഇടുക്കി മൂന്നാറിലെ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ തോട്ടം തൊഴിലാളിയെ വനത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഫാക്ടറി ഡിവിഷൻ സ്വദേശിയായ എം. രാജയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിറക് ശേഖരിക്കാനായി വനത്തിലേക്ക് പോയ രാജയെ വൈകിട്ടായിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് പുറകിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി.

രാത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തൊഴിലാളികളും രാഷ്ട്രീയ പ്രവർത്തകരും തടഞ്ഞുവെച്ചു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാര തുക ഇന്ന് രാവിലെ 11 മണിയോടെ കൈമാറാമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. മൃതദേഹം ഇന്ന് ഇടുക്കിയിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories