Share this Article
News Malayalam 24x7
ചുരുട്ടി ചവറ്റുകൊട്ടയിൽ കളഞ്ഞ ടിക്കറ്റിന് ഒരു കോടി രൂപ അടിച്ചു; പെട്ടിക്കടക്കാരി കുഞ്ഞ് അച്ചാമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം
വെബ് ടീം
posted on 04-04-2026
1 min read
kunju-achamma

ആലപ്പുഴ:പെസഹാ ദിനത്തിൽ കുഞ്ഞ് അച്ചാമ്മയെ തേടിയെത്തിയത് അവിശ്വസനീയമായ ഇരട്ട ഭാഗ്യം. വേസ്റ്റ് കൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചിരിക്കുകയാണ്. ഇതിനൊപ്പമെടുത്ത മറ്റൊരു ടിക്കറ്റിന് 5000 രൂപയുടെ പ്രോത്സാഹന സമ്മാനവും ഈ വീട്ടമ്മയ്ക്ക് ലഭിക്കും.

തലവടി പഞ്ചായത്ത് 15-ാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കൊച്ചമ്മനം ജംക്ഷന് സമീപം ചെറിയ പെട്ടിക്കട നടത്തുകയാണ് ഇവർ. ഈ കടയിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുഞ്ഞ് അച്ചാമ്മ ഉപജീവനം കണ്ടെത്തുന്നത്. പ്രദേശത്തെ ലോട്ടറി വിൽപനക്കാരനായ കോതപ്പുഴശ്ശേരി ജോർജുകുട്ടിയിൽനിന്നാണ് ഇവർ കാരുണ്യ ലോട്ടറിയുടെ രണ്ട് ടിക്കറ്റുകൾ വാങ്ങിയത്.വ്യാഴാഴ്‌ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റിൻ്റെ നമ്പർ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം ലഭിച്ച കാര്യം മാത്രമാണ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അർഹമായ പ്രധാന ടിക്കറ്റ് സമ്മാനമൊന്നും ഇല്ലെന്ന് കരുതി അവർ വേസ്റ്റ് കൊട്ടയിൽ കളഞ്ഞു.

രാത്രി ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ ഇവരെ അറിയിച്ചു. ഇതോടെയാണ് അമളി തിരിച്ചറിഞ്ഞത്. ഉടൻതന്നെ ഇരുവരും കടയിലെത്തി പരിശോധന നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വേസ്റ്റ് കൊട്ടയിൽനിന്ന് കോടിപതിയാക്കിയ ആ ടിക്കറ്റ് അവർ കണ്ടെടുത്തു. പെസഹാ ദിനത്തിൽ ഭാഗ്യദേവത കടാക്ഷിച്ചതിൻ്റെ അതിയായ സന്തോഷത്തിലാണ് കുഞ്ഞ് അച്ചാമ്മ ഇപ്പോൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories