തിരുവനന്തപുരം കാട്ടാക്കടയിൽ നവജാത ശിശുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പൂഴനാട് സ്വദേശിയായ യുവതി വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ മൃതദേഹത്തിൽ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകളാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. പ്രസവത്തിന് ശേഷം കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
നിലവിൽ കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം അമ്മയെയും പൊലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. വീട്ടിൽ വെച്ച് പ്രസവം നടന്ന സാഹചര്യം, മരണകാരണം എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. യുവതിയുടെ മാനസികാരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണ പരിധിയിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.