Share this Article
പേരാമ്പ്രയിൽ കൊട്ടിക്കലാശമില്ല; പൊലീസ് നിർദേശം മുന്നണികളുടെ യോഗത്തിൽ, തീരുമാനം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്
വെബ് ടീം
posted on 06-04-2026
1 min read
perambra

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ കൊട്ടിക്കലാശം ഒഴിവാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നീക്കം. മുന്നണികളുടെ യോഗം വിളിച്ചാണ് പൊലീസ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇതോടെ, മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം വാഹന പ്രചാരണ ജാഥ മാത്രമായി ചുരുക്കും.

വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നേരത്തെ തന്നെ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ അനൗണ്‍സ്‌മെന്റ് വിവാദം കൂടിയായതോടെ വിവാദം ചൂടുപിച്ചു. ഈ സാഹചര്യത്തിലാണ് പേരാമ്പ്ര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാനായി പൊലീസ് മുന്നണികളുടെ യോഗം വിളിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് മുന്നണികള്‍ പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

കൊട്ടിക്കലാശ ദിനമായ ചൊവ്വാഴ്ച പേരാമ്പ്രയില്‍ മറ്റേത് തരത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടത് എന്ന കാര്യം മുന്നണികള്‍ ആലോചിക്കുകയാണ്. സി.പി.ഐ.എമ്മിന്റെ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണനും മുസ്‌ലിം ലീഗിലെ ഫാത്തിമ തഹിലിയയും തമ്മിലാണ് പേരാമ്പ്രയില്‍ പ്രധാന പോരാട്ടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories