വനംവകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ വനമിത്രാ പുരസ്കാരത്തിന് കൊല്ലം സ്വദേശിയും റിട്ടയേർഡ് സബ് ഇൻസ്പെക്ടറുമായ ജേക്കബ് എസ്. മുണ്ടപ്പുളം അർഹനായി. മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും വൃക്ഷ വ്യാപനത്തിനുമാണ് പുരസ്കാരം.
'നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ' എന്ന വൃക്ഷ വ്യാപന സംഘടനയുടെ സംസ്ഥാന ചീഫ് കോഡിനേറ്ററായ ജേക്കബ്, 'മധുരവനം' പദ്ധതിയിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുനിരത്തുകളിലും ഫലവൃക്ഷങ്ങളും തണൽമരങ്ങളും നട്ടുവളർത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും ക്യാമ്പുകളും അദ്ദേഹം സംഘടിപ്പിക്കുന്നു.
കേരള പൊലീസിൽ ഔദ്യോഗിക അനുമതിയോടെ സംസ്ഥാനത്തുടനീളം പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഏക പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ഇദ്ദേഹം. സ്വന്തം വീടിരിക്കുന്ന അഞ്ച് സെന്റ് ഭൂമിയിൽ 52 ഫലവൃക്ഷങ്ങളും ടെറസിൽ നിരവധി ചെടികളും ഡ്രമ്മുകളിലായി നട്ടുവളർത്തി ഇദ്ദേഹം മാതൃക കാണിക്കുന്നു. സത്കർമ, മാസ് എന്നീ ജീവകാരുണ്യ സംഘടനകളിലും മുണ്ടക്കൽ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റായും ഇദ്ദേഹം സജീവമാണ്. മുൻപ് കേരള പൊലീസ് അസോസിയേഷന്റെ നേതൃപദവികളും അലങ്കരിച്ചിട്ടുണ്ട്. മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൃഷിവകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എ.ഐ.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റിന്റെ ഇലക്ഷൻ നിരീക്ഷകനായും പ്രവർത്തിച്ചിരുന്നു. കൊല്ലം ലത്തീൻ കത്തോലിക്കാ രൂപത പ്രൊവിൻഷ്യൽ പി.ആർ.ഒ ഫാ. ലാസർ എസ്. പട്ടകടവ്, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ എസ്. എന്നിവർ സഹോദരങ്ങളാണ്. ജയ ജേക്കബ് ആണ് ഭാര്യ. ജയ്സൺ, ജെറിൻ, ആര്യ എന്നിവർ മക്കളാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ