‘ദൃശ്യം 3’ സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ പരാതിയുമായി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് രംഗത്ത്. സിനിമയിലെ നായകൻ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ തന്റെ വ്യക്തിഗത വാഹനത്തിന്റേതാണെന്നും, തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ് ഇത് ചിത്രത്തിൽ ഉപയോഗിച്ചതെന്നും കാട്ടിയാണ് രാജീവ് മോട്ടോർ വാഹന വകുപ്പിന് (എം.വി.ഡി) പരാതി നൽകിയത്.
സിനിമ തിയേറ്ററുകളിൽ കണ്ട സുഹൃത്തുക്കൾ ഫോണിലൂടെ വിവരമറിയിച്ചപ്പോഴാണ് രാജീവ് തന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ സിനിമയിൽ ഉപയോഗിച്ചതായി അറിയുന്നത്. തുടർന്ന് ഇദ്ദേഹം തിയേറ്ററിലെത്തി ദൃശ്യങ്ങൾ കണ്ട് സംഭവം സ്ഥിരീകരിക്കുകയായിരുന്നു. ചിത്രത്തിൽ നായകൻ ഉപയോഗിക്കുന്ന കറുത്ത എസ്‌യുവിയുടെ നമ്പർ പ്ലേറ്റിലുള്ള KL 69 D 2772 എന്ന നമ്പർ തന്റെ ഉടമസ്ഥതയിലുള്ള വെള്ള സ്കോർപിയോ ക്ലാസിക് വാഹനത്തിന്റേതാണെന്ന് രാജീവ് വ്യക്തമാക്കുന്നു.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നമ്പർ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അതിനാൽ സിനിമയിൽ ഈ വാഹന നമ്പർ കാണിക്കുന്ന ഭാഗങ്ങൾ എഡിറ്റ് ചെയ്തു നീക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് രാജീവ് ഇടുക്കി ആർ.ടി.ഒ ഓഫീസിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടുണ്ട്.