ആലപ്പുഴ: മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ഉറപ്പുനല്‍കിക്കൊണ്ട് മലയാളിയുടെ പ്രിയപ്പെട്ട നെറ്റുവര്‍ക്കായി മാറിയ കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആലപ്പുഴ ജില്ലയിലെ കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. ഇതോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുള്ള ഏഴാമത്തെ ജില്ലയായി ആലപ്പുഴ മാറി. നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ കേരളവിഷന് ഒരു ലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കളുണ്ട്.
സംസ്ഥാനത്തുടനീളം 15 ലക്ഷത്തിലധികം കണക്ഷനുകളുമായി കേരളത്തിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ ഒന്നാം സ്ഥാനത്താണ് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്. വിപണിയിലെ തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിയോളം കണക്ഷനുകള്‍ സ്വന്തമാക്കിയാണ് കേരളവിഷന്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്.
കൂടാതെ, ട്രായുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളവിഷന്‍. ഒപ്പം വയേഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന ഐഎസ്പികളില്‍ രാജ്യത്ത് നാലാം സ്ഥാനവും, ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കാന്‍ കേരളവിഷന് സാധിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് കൈവരിച്ച ഈ നേട്ടത്തില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന ആഴത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണിത്. കൂടുതല്‍ മികച്ചതും കുറ്റമറ്റതുമായ സേവനം ഉറപ്പുനല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്കൊപ്പം മുന്നേറാന്‍ ഇത്തരം നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് കരുത്തും ആത്മവിശ്വാസവും നല്‍കുന്നു. ഞങ്ങളുടെ എല്ലാ ഓപ്പറേറ്റര്‍മാരുടെയും ജീവനക്കാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണിത്.'- കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ മംഗലത്ത് പറഞ്ഞു.
മാറുന്ന കാലത്തിനനുസരിച്ച് മികച്ച സാങ്കേതികവിദ്യയും സേവനങ്ങളും ജനങ്ങളിലെത്തിക്കാന്‍ കേരളവിഷന്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. തടസ്സങ്ങളില്ലാത്ത ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം, ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണിലൂടെത്തന്നെ കേബിള്‍ ടിവി ചാനലുകള്‍ കാണാന്‍ സഹായിക്കുന്ന 'കെവി ഗോ' പദ്ധതി ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്. തുടര്‍ന്നും ഇത്തരത്തില്‍ കൂടുതല്‍ നവീന പദ്ധതികളുമായി ഞങ്ങള്‍ ഉപഭോക്താക്കള്‍ക്കൊപ്പമുണ്ടാകും - കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് ചെയര്‍മാന്‍ സുരേഷ് പി.പി വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും, ഏതു സമയത്തും ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ഓപ്പറേറ്റര്‍മാരുടെ ആത്മസമര്‍പ്പണവുമാണ് കേരളവിഷനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട നെറ്റ്വര്‍ക്കാക്കി മാറ്റിയത്. കേരളത്തിന് പുറമേ മംഗലാപുരം, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് ഇതിനകം തങ്ങളുടെ സേവനങ്ങള്‍ വിജയകരമായി വ്യാപിപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം എത്തിക്കാനുള്ള വിപുലമായ തയ്യാറെടുപ്പിലാണ് കമ്പനിയിപ്പോള്‍.