സുൽത്തൻബത്തേരി: പോക്സോ കേസിൽ ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി അറസ്റ്റിൽ. ബത്തേരിയിൽ ഒളിവിൽ കഴിയവെ റിസോർട്ട് വളഞ്ഞ് അതിസാഹസികമായാണ് ഇയാളെ എലത്തൂർ പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാന ലഹരി സൃഘയിലെ പ്രധാന കണ്ണിയാണ് പിടിയിലായ സാഗേഷ്. റോളക്സ് എന്ന സിനിമ കഥാപാത്രത്തെ അനുകരിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നരമാസമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
പ്രതിയെ പിടികൂടാനായി 'ഓപ്പറേഷൻ റോളക്സ്' എന്ന പേരിലാണ് എലത്തൂർ പോലീസും സൈബർ സെല്ലും അന്വേഷണം നടത്തിയത്. നൂറുകണക്കിന് മൊബൈൽ നമ്പറുകളും ടവർ ലൊക്കേഷനുകളും പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പോലീസിന്റെ കണ്ണുവെട്ടിക്കാൻ പ്രതി നിരന്തരം സിം കാർഡുകളും വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും മാറ്റിയിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി.