കണ്ണൂർ: രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്യും. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്‌പെൻഷൻ. തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.
രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്‍റിന്റെ ആരോപണമുന്നയിച്ചു. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യമെന്ന് പ്രസിഡന്‍റ് അനൂപ് വി.എ ആരോപിച്ചു. ഇത് സംബന്ധിച്ച് കണ്ണൂർ കളക്ടർക്ക് പരാതി നൽകും. ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി.