ഇടുക്കിയില്‍ കാട്ടാന ഭീഷണി രൂക്ഷം. മൂന്നാര്‍ സൈലന്റ് വാലിയിലും മൂന്നാര്‍ ടൗണിന് സമീപവും കാട്ടാനകളുടെ സാന്നിധ്യം. സൈലന്റ് വാലി സെക്കന്‍ഡ് ഡിവിഷനില്‍ കുട്ടിയാനയടക്കം ഏഴ് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. ഗ്രൗണ്ടിന് സമീപം കാട്ടാനക്കൂട്ടം തുടരുന്നത് തൊഴിലാളികളില്‍ വലിയ ആശങ്കയ്ക്കിടയാക്കുന്നു. കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വിളകള്‍ നശിപ്പിക്കുമെന്ന ഭീതിയിലാണ് തൊഴിലാളികളും കര്‍ഷകരും. പച്ചക്കറി കൃഷി ഉള്‍പ്പെടെ നടത്തുന്ന നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെയും കാട്ടാന ശല്യം ബാധിക്കുന്നുണ്ട്. അതേസമയം, മൂന്നാര്‍ ടൗണിലൂം കാട്ടാനയുടെ സാന്നിധ്യമുണ്ടായി. ഇന്നലെ രാത്രിയാണ് മൗണ്ട് കാര്‍മല്‍ ദേവാലയത്തിന് സമീപമാണ് കാട്ടാന എത്തിയത്. ദേവാലയത്തിന് സമീപത്തെ വാഴകള്‍ നശിപ്പിച്ച ശേഷമാണ് കാട്ടാന കാട്ടിലേക്ക് മടങ്ങിയത്. പതിനെട്ട് മുറി ലൈനിലും വാഴക്കൂട്ടം നശിപ്പിച്ചു. കാട്ടാനകള്‍ തുടര്‍ച്ചയായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുകയാണ്. കാട്ടാനകളെ ജനവാസ മേഖലയില്‍ നിന്ന് തുരത്താന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.