Share this Article
News Malayalam 24x7
കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
വെബ് ടീം
10 hours 59 Minutes Ago
24 min read
 CM

കണ്ണൂർ: അടുത്ത ഒരു വർഷത്തിനകം കണ്ണൂർ വിമാനത്താവളത്തിൽ വൻ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൈലറ്റ് പരിശീലന കേന്ദ്രം അടക്കം സ്ഥാപിക്കുമെന്നും വ്യോമയാന ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിന്‍റെയും സോളാർ പവർ പ്രോജക്റ്റിന്‍റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


കണ്ണൂർ അടക്കം കേരളത്തിലെ വിമാനത്താവളങ്ങൾ വ്യോമയാന ഹബ്ബാക്കി വികസിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ജിഡിപിക്ക് മുതൽക്കൂട്ടാകുന്നതാണ് ഇക്കാര്യം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതിലുള്ള സാങ്കേതിക തടസങ്ങൾ നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് വിമാന പൈലറ്റുമാരുടെ എണ്ണം പരിമിതമാകുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും. ഇതോടൊപ്പം ഹെലികോപ്റ്റർ പൈലറ്റ് പരിശീലന കേന്ദ്രം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം, സിമുലേറ്റർ പരിശീലന കേന്ദ്രം എന്നിവയും സജ്ജമാക്കും. ഇത്തരം സംവിധാനങ്ങൾ കണ്ണൂർ വിമാനത്താവളത്തെ വ്യോമയാന ഹബ്ബാക്കി മാറ്റാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളെ വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ കൺസൾട്ടൻസി സർവീസ് ആരംഭിച്ചു. ദുർഗാപുർ വിമാനത്താവളം കൊച്ചി വിമാനത്താവളത്തിന്‍റെ കൺസൾട്ടൻസി സർവീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിലെ സ്ഥലപരിമിതി കാരണം അവിടുത്തെ സോളാർ പ്ലാന്‍റുകളുടെ ഒരു ഭാഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് മാറ്റുന്ന കാര്യം സർക്കാർ പരിശോധിക്കുകയാണ്. കണ്ണൂർ നഗരത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് കൊണ്ടുള്ള പുതിയ രണ്ട് റോഡുകളുടെ നിർമാണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിർമിക്കാൻ പദ്ധതിയിട്ട രണ്ടാമത്തെ നിർദിഷ്ട റൺവേയുടെ കാര്യത്തിൽ നീക്കിവച്ച 240 ഏക്കർ ഭൂമി പര്യാപ്തമാണോയെന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, എംപിമാരായ കെ. സുധാകരൻ, പി. സന്തോഷ് കുമാർ, കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര, എംഎൽഎമാരായ ടി.ഒ. മോഹനൻ, വി.കെ. സനോജ്, പി.കെ. പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories