എറണാകുളം: കോതമംഗലത്ത് ട്രാക്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ട്രാക്ടറിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ പ്രദീപ്, സത്യ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് കോതമംഗലം നേര്യമംഗലം റോഡിൽവച്ചായിരുന്നു അപകടമുണ്ടായത്. പാറപ്പൊട്ടിക്കാൻ ആവശ്യമായ യന്ത്രങ്ങൾ ഘടിപ്പിച്ചിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ട്രാക്ടർ എതിരെ വന്ന കാറിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിലേയ്ക്ക് തലകീഴായി മറിഞ്ഞു.അപകടത്തിൽ ഗുതുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.