കൊച്ചി: എറണാകുളം ജില്ലയില്‍ റെക്കോര്‍ഡ് നേട്ടവുമായി കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്. ജില്ലയിലെ കണക്ഷനുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. പതിനഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുമായി കേരളത്തിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ കേരളവിഷന്‍.കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ്റി നാല്പത്തിനാല് കണക്ഷനുകള്‍ സ്വന്തമാക്കിയാണ് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് തങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. വിപണിയിലെ തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിയോളം കണക്ഷനുകളാണ് കേരളവിഷന്‍ സ്വന്തമാക്കിയത്. ട്രായുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആറാമത്തെ വലിയ ഐ.എസ്.പി കമ്പനിയാണിത്. എഫ്.ടി.ടി.എച്ച് കണക്ഷനുകളില്‍ അഞ്ചാം സ്ഥാനവും, ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കാന്‍ കേരളവിഷന് കഴിഞ്ഞു. ഇത് ഉപഭോക്താക്കള്‍ക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അനില്‍ മംഗലത്ത് പറഞ്ഞു.
അതിവേഗ ഇന്റര്‍നെറ്റിനൊപ്പം മൊബൈലിലൂടെ കേബിള്‍ ടിവി ചാനലുകള്‍ കാണാന്‍ സാധിക്കുന്ന 'കെവി ഗോ' ഉള്‍പ്പെടെയുള്ള നൂതന പദ്ധതികളും കേരളവിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മികച്ച സാങ്കേതികവിദ്യയും സേവനങ്ങളും ജനങ്ങളിലെത്തിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ സുരേഷ് പി.പി വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും ഓപ്പറേറ്റര്‍മാരുടെ സേവനവുമാണ് കേരളവിഷനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്. കേരളത്തിന് പുറമേ മംഗലാപുരം, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിച്ച കമ്പനി, മറ്റ് പ്രധാന നഗരങ്ങളിലേക്കും സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.