Share this Article
News Malayalam 24x7
ഇടുക്കിയില്‍ രാത്രി സഞ്ചാരത്തിന് കര്‍ശന നിയന്ത്രണം; വിചിത്ര ഉത്തരവുമായി കളക്ടര്‍
Idukki District Imposes Night Travel Restrictions in Plantation Areas

ജില്ലയിൽ വനത്തോട് ചേർന്ന് കിടക്കുന്ന തോട്ടം മേഖലകളിൽ രാത്രികാല സഞ്ചാരത്തിന് ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം 6 മണി മുതൽ പിറ്റേദിവസം രാവിലെ 6 മണി വരെയാണ് നിയന്ത്രണം. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നാണ് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് ഉത്തരവ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഉത്തരവ് നടപ്പിലാക്കുമ്പോൾ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്.

തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ വലിയൊരു വിഭാഗവും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരും, വൈകുന്നേരങ്ങളിൽ ഡ്യൂട്ടിക്ക് പ്രവേശിക്കുന്നവരും ഈ നിയന്ത്രണം മൂലം പ്രതിസന്ധിയിലാകും. തൊഴിലാളികളുടെ ജോലിസ്ഥലത്തേക്കുള്ള യാത്രയെയും, ജോലി കഴിഞ്ഞ് സുരക്ഷിതമായി വീട്ടിലെത്തുന്നതിനെയും ഇത് സാരമായി ബാധിക്കും.


വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റ് മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കും, യാത്രകൾക്കും, ജോലി ആവശ്യങ്ങൾക്കും രാത്രികാലങ്ങളിൽ പുറത്തിറങ്ങേണ്ടി വരുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണം എങ്ങനെ പ്രായോഗികമായി നടപ്പിലാക്കുമെന്നതാണ് പ്രധാന ചോദ്യം.തൊഴിലാളികളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ച് കളക്ടറുടെ ഉത്തരവിൽ ആവശ്യമായ ഇളവുകളോ വ്യക്തതകളോ വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം, മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ കൊണ്ടുവന്ന ഈ നിയന്ത്രണം സാധാരണക്കാരായ നാട്ടുകാരുടെ വലിയൊരു പ്രതിഷേധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories