കാസർഗോഡ്: മന്ത്രി ഒജെ ജെനീഷിനെ വീണ്ടും തടഞ്ഞു. കാസർഗോഡ് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത്.
നടക്കാവിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കാണ് മന്ത്രി എത്തിയത്. എന്നാൽ നേരത്തെ തന്നെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. കൂടാതെ മന്ത്രിയെ സ്വീകരിക്കാൻ സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. ഇരുവരും തമ്മിൽ പോർവിളികളുമായി നിൽക്കുന്നതിനിടയിലേക്കാണ് മന്ത്രിയുടെ വാഹനം എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിക്കുന്ന പ്രവർത്തകരെ മുഴുവൻ മാറ്റിക്കൊണ്ട് മന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കുകയായിരുന്നു പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് മാറ്റിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനം ഹാളിലേക്ക് പ്രവേശിച്ചെങ്കിലും പുറത്ത് പ്രതിഷേധം തുടരുകയാണ്. കയ്യടികളോടെയും അഭിവാദ്യം ചെയ്തുമാണ് മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.വഴിയൊരുക്കി,തോളിലേറ്റിയാണ് മന്ത്രിയെ അകത്തേക്ക് കൊണ്ടുപോയത്
അതേസമയം, ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.