Share this Article
വിദേശത്തുവെച്ച് യുവതിയെ ലാപ്ടോപ്പ് ചാർജറും കുക്കറും അടക്കം ഉപയോഗിച്ച് മർദിച്ചുവെന്ന പരാതി; ലുക്ക് ഔട്ട് നോട്ടീസ്, ഭർത്താവ് നന്ദു വിമാനത്താവളത്തിൽവെച്ച് അറസ്റ്റിൽ
വെബ് ടീം
12 hours 32 Minutes Ago
1 min read
nandhu

കൊല്ലം: വിദേശത്ത് വെച്ച് യുവതിയെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് നീണ്ടകര സ്വദേശി നന്ദു ഗണേഷിനെ ചവറ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇയാളെ പോലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ നന്ദു വിദേശത്ത് വെച്ച് തന്നെ ക്രൂരമായി മർദിച്ചുവെന്നാണ് യുവതിയുടെ പരാതി. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ഇന്ന് പുലർച്ചെയോടെയായിരുന്നു നന്ദു തിരുവനന്തപുരത്ത് എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് ചവറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ജൂൺ 27-നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധനത്തെച്ചൊല്ലി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പിന്നീട് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ലാപ്ടോപ്പ് ചാർജറും കുക്കറും അടക്കം ഉപയോഗിച്ച് മർദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സെപ്റ്റംബർ 30-ന് യുവതി നാട്ടിലെത്തി. തുടർന്ന് ചവറ പോലീസിൽ പരാതി നൽകുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories