ആലപ്പുഴ: പ്രാദേശിക വിഭാഗീയതയെ തുടർന്ന് കുട്ടനാട് സിപിഐഎമ്മിൽ വൻ അച്ചടക്ക നടപടി. കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പത്തംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കലിനാണ് പുതിയ കമ്മിറ്റിയുടെ ചുമതല. ആറ് മാസത്തേക്കാണ് നടപടി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെകെ അശോകൻ, സി ഉണ്ണികൃഷ്ണൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയ കമ്മിറ്റിയിലെ മറ്റൊരു അംഗത്തെയും ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. മനു സി പുളിക്കൽ, ജോസ് തോമസ്, എൻപി വിൻസെന്റ്, ജോജോ ആന്റണി, കെആർ രാംജിത്ത്, എംവി പ്രിയ, എം കൃഷ്ണലത, എംകെ സജി തുടങ്ങിയവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.