ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന വനിതാ പ്രീമിയർ ലീഗ് (WPL) മത്സരങ്ങൾക്ക് നാളെ തുടക്കമാകുന്നു. ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തോടെയാണ് പുതിയ എഡിഷൻ മത്സരങ്ങൾ ആരംഭിക്കുന്നത്. മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും. നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയം, വഡോധര എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി ക്യാപ്പിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ് എന്നീ അഞ്ച് ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ടൂർണമെന്റിൽ അഞ്ച് ടീമുകളും രണ്ടു തവണ വീതം നേർക്കുനേർ വരും. പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക. ഇതിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കും. ഫെബ്രുവരി അഞ്ചിനാണ് കലാശപ്പോരാട്ടം നടക്കുക. മത്സരങ്ങൾ ഉച്ചയ്ക്ക് 3:30-നും വൈകിട്ട് 7:30-നും ആരംഭിക്കും. വനിതാ ക്രിക്കറ്റിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഈ ടൂർണമെന്റ് വലിയ ആവേശത്തോടെയാണ് കായിക ലോകം കാത്തിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം നേടാനുള്ള തീവ്ര പരിശീലനത്തിലാണ് എല്ലാ ടീമുകളും.