രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 47.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. ഡാരിൽ മിച്ചലും വിൽ യങ്ങും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 162 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഡാരിൽ മിച്ചൽ സെഞ്ചുറിയോടെ തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കിവീസ് ഒപ്പമെത്തി(1-1).
ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണെടുത്തത്. സെഞ്ചുറിയുമായി മിന്നിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. രാഹുൽ 112 റൺസെടുത്ത് പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വിക്കറ്റുകൾ വീഴ്ത്തി കിവീസ് തിരിച്ചടിച്ചു. 24 റൺസെടുത്ത രോഹിത്താണ് ആദ്യം പുറത്തായത്. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ നായകൻ ഗില്ലും(56) കൂടാരം കയറി.