മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. യുവതാരം ശുഭ്മാൻ ഗിൽ നായകനായി തിരിച്ചെത്തുമ്പോൾ, പരിക്കിന്റെ നിഴലിലായിരുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്ടനായി ടീമിൽ ഇടംപിടിച്ചു. എന്നാൽ ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ അയ്യർക്ക് കളിക്കാനാകൂ. രോഹിത് ശർമയും വിരാട് കൊഹ്‌ലിയും ടീമിലുള്ളതിനാൽ ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്ത് തന്നെ തുടരും. ഇഷാൻ കിഷൻ, ധ്രുവ് ജുറേൽ എന്നിവരുടെ പേരുകൾ സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും സെലക്ടർമാർ പന്തിൽ തന്നെ വിശ്വാസമർപ്പിച്ചു.
എന്നാൽ വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം മുഹമ്മദ് ഷമിയെ ടീമിലെത്തിക്കാൻ പര്യാപ്തമായില്ല. ഷമിയെ വീണ്ടും തഴഞ്ഞത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അഭാവമാണ് ടീമിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു മത്സരത്തിൽ പത്ത് ഓവർ തികച്ച് എറിയാനുള്ള കായികക്ഷമത നിലവിൽ ഹാർദിക്കിനില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതോടെ പേസ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി ടീമിൽ സ്ഥാനം ഉറപ്പിച്ചു. മുൻനിര പേസർ ജസ്പ്രീത് ബുമ്രയ്ക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടീമിലെ പ്രധാന മാറ്റങ്ങളായി സൂചിപ്പിക്കുന്നത് മുഹമ്മദ് സിറാജ് ടീമിലേക്ക് മടങ്ങിയെത്തി എന്നുള്ളതാണ്. അതേസമയം ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, ധ്രുവ് ജുറേൽ എന്നിവർക്ക് സ്ഥാനം നഷ്ടമായി.പേസ് നിരയിൽ സിറാജിനൊപ്പം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ നിയന്ത്രിക്കും. കുൽദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറുമാണ് സ്പിൻ കൈകാര്യം ചെയ്യുക. ജനുവരി 11ന് വഡോദരയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം.ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), രോഹിത് ശർമ്മ, വിരാട് കൊഹ്ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്ടൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ്, നിതീഷ്‌കുമാർ റെഡ്ഡി, യശസ്വി ജയ്സ്വാൾ.