വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെട്ടു. താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഈ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഐപിഎല്ലിൽ (IPL) നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതാണ് നിലവിലെ തർക്കങ്ങൾക്ക് കാരണമായത്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ചില തീവ്ര സംഘടനകൾ നടത്തിയ സമ്മർദ്ദത്തെത്തുടർന്നാണ് മുസ്തഫിസുറിനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചത്. 9.2 കോടി രൂപയ്ക്ക് ലേലത്തിലെടുത്ത താരത്തെ ഇത്തരത്തിൽ ഒഴിവാക്കിയ നടപടി ബംഗ്ലാദേശിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൾ അഭിപ്രായപ്പെട്ടു.
ഫെബ്രുവരിയിൽ ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പിൽ കൊൽക്കത്തയിലും മുംബൈയിലുമായി നടക്കേണ്ട ബംഗ്ലാദേശിന്റെ നാല് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം. ഈ വിഷയത്തിൽ ഐസിസി അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചനകൾ.