മുംബൈ :അനിശ്ചിതത്വത്തിനു അവസാനം കുറിച്ചുകൊണ്ട് ആ തീരുമാനം വന്നു. ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. ദേശീയ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
നിലവിൽ ടൂർണമെന്റിന്റെ ഭാഗമായ പതിനാല് ടീമുകളും സീസണിന്റെ ഭാഗമാവുമെന്നും മന്ത്രി അറിയിച്ചു.കൊമേർഷ്യൽ പാർട്നറുടെ അഭാവത്തിലാണ് സെപ്റ്റംബറിൽ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് നിലച്ചുപോയത്. പിന്നാലെ പല വിദേശതാരങ്ങളും ടീം വിടുകയും ക്ലബുകൾ തങ്ങളുടെ ഫസ്റ്റ് ടീമിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. സൂപ്പർ കപ്പ് ജേതാക്കളായ എഫ്‌സി ഗോവയാണ് ഏറ്റവും അവസാനം പ്രവർത്തനം നിർത്തിവെച്ച ക്ലബ്. ഒഡീഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്‌സി ടീമുകൾ നേരത്തെ തന്നെ തങ്ങളുടെ പ്രവർത്തനം നിർത്തിയിരുന്നു.സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച പോർച്ചുഗീസ് താരം തിയാഗോ ആൽവസ് അടുത്തിടെ ടീം വിട്ടിരുന്നു. പിന്നാലെ നായകൻ അഡ്രിയാൻ ലൂണയും മൊറോക്കൻ മുന്നേറ്റ താരം നോഹ സദോയിയും വായ്പാടിസ്ഥാനത്തിൽ വിദേശ ക്ലബ്ബുകളിലേക്ക് മാറിയിരുന്നു.