രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം വിവാദമായ മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ 17 ദിവസത്തെ നീണ്ട റിമാൻഡ് കാലാവധിക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനാകും. ശനിയാഴ്ച വിധി പറയേണ്ടിയിരുന്ന കേസ്, ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചതിനെ തുടർന്ന് ജില്ലാ ജഡ്ജി എൻ. ഹരികുമാർ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയ അതിജീവിതയുടെ ശബ്ദസന്ദേശങ്ങളാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. പരാതിക്കാരിയുമായി രാഹുലിന് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് സ്ഥാപിക്കാനാണ് പ്രതിഭാഗം അഭിഭാഷകർ പ്രധാനമായും ശ്രമിച്ചത്. തിരുവല്ല സ്വദേശിനിയും കാനഡയിൽ ജോലിക്കാരിയുമായ യുവതിയുടെ പരാതിയിലായിരുന്നു രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ഒരു സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അതിജീവിത സത്യവാങ്മൂലത്തിൽ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച കോടതി ജാമ്യം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ ഹർജിയിൽ വാദം കേൾക്കുന്നത്. നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ കേസിലെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ, ജാമ്യ നടപടികൾ പൂർത്തിയാക്കി അല്പസമയത്തിനകം പുറത്തിറങ്ങും. നിയമപോരാട്ടം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് സൂചനകൾ.