Share this Article
News Malayalam 24x7
കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മകള്‍ പുതുക്കി തമിഴകത്ത് ഇന്ന് പൊങ്കല്‍
Today is Pongal , renewing the memories of agricultural culture

എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഏകമനസ്സോടെ ആഘോഷിക്കുന്ന കാര്‍ഷികോത്സവമാണ് പൊങ്കല്‍്. മലയാളിക്ക് ഓണംപോലെയാണ് തമിഴകത്ത് പൊങ്കല്‍. ആഹ്‌ളാദത്തിന്റെയും സമൃദ്ധിയുടെയും  ആഘോഷമാണിത്. മകരയ്‌ക്കൊയ്ത്ത് കഴിഞ്ഞ് സമ്പല്‍ സമൃദ്ധിയിലായിരിക്കുമ്പോഴാണ് പൊങ്കലിന്റെ വരവ്. തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കല്‍.  

നാലു ദിവസമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ആദ്യദിവസം പോകി പൊങ്കല്‍. കേരളത്തില്‍ കര്‍ക്കിടകത്തിലെ അവസാന ദിനം നടക്കുന്ന ശുദ്ധീകരണ ചടങ്ങുകള്‍ക്ക് സമാനമാണ് പോകി പൊങ്കല്‍. രണ്ടാം ദിനം തൈപൊങ്കല്‍. അന്നേദിവസം രാവിലെ പാല്‍ മണ്‍പാത്രത്തില്‍ തിളപ്പിക്കും. കൂടാതെ വീടിന് മുറ്റത്ത് ഭക്ഷണങ്ങളും മധുര പലഹാരങ്ങളും തയാറാക്കി വിതരണം ചെയ്ത് മറ്റുള്ളവരെയും ആഘോഷത്തില്‍ പങ്കാളികളാക്കും. 

മനുഷ്യനോടൊപ്പം മണ്ണില്‍ പാടു പെടുന്ന കാലികള്‍ക്കായിയുള്ള ദിനാമാണ് മാട്ടുപ്പൊങ്കല്‍. അന്ന് മാടുകളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് നല്ല ആഹാരം നല്‍കുന്നു. അവയുടെ കഴുത്തില്‍ മാലയും ചെറിയ മണികളും കെട്ടുന്നു. കൊമ്പുകളില്‍ പലനിറത്തിലുള്ള ചായങ്ങള്‍ പൂശുന്നു. അലങ്കരിച്ച മാടുകളെ പിന്നെ വാദ്യഘോഷങ്ങളോടെ ഘോഷയാത്രയായി തെരുവിലൂടെ ആനയിക്കുന്നു. നാലമത്തേത് കാണപ്പൊങ്കല്‍. കാണാനുള്ള ദിവസം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്.

മനുഷ്യനും പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍. മനുഷ്യനും കൃഷിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെ പ്രകീര്‍ത്തിക്കുന്ന തമിഴ് ജനതയുടെ മഹത്തായ ഉത്സവമാണിത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories