Share this Article
News Malayalam 24x7
പെരിയ ഇരട്ടക്കൊലക്കേസ്‌; 4 പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ
Periya Double Murder Case

പെരിയ ഇരട്ടക്കൊലപാതക കേസില്‍ നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷക്കാണ് സ്റ്റേ. പ്രതികള്‍ക്ക് കോടതി ജാമ്യവും അനുവദിച്ചു.

നാല് പ്രതികളുടെയും അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കളാണ് സിബിഐ കോടതിയുടെ ശിക്ഷാ വിധി ചാദ്യം ചെയ്ത് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ച പ്രത്യേക സിബിഐ കോടതി വിധി റദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീല്‍ ഹര്‍ജി. കെ വി കുഞ്ഞിരാമന് പുറമേ സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്.

അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം കോടതി റദാക്കിയിരുന്നു. കേസിലെ രണ്ടാംപ്രതി സജി.സി.ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച കുറ്റത്തിനായിരുന്നു നാല് പേര്‍ക്കുമെതിരായ ശിക്ഷ. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൊച്ചി സിബിഐ കോടതി 14 പേരെ ശിക്ഷിച്ചത്.

10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയുമായിരുന്നു ശിക്ഷ. ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ജാമ്യത്തില്‍ ഇറങ്ങാം. 2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories