കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ മുഴുവൻ ബാങ്ക് വായ്പകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ വിമുഖത കാട്ടിയ സാഹചര്യത്തിലാണ്, മാനുഷിക പരിഗണന മുൻനിർത്തി ഈ ബാധ്യതകൾ സംസ്ഥാനം തന്നെ വഹിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സിഎംഡിആർഎഫ്) നിന്നാണ് ഇതിനാവശ്യമായ തുക അനുവദിക്കുന്നതെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി.ജില്ലാ കളക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ പരിശോധിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ദുരന്തബാധിതരായ 555 ഗുണഭോക്താക്കൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി എടുത്ത 1620 വായ്പകളിലെ കുടിശ്ശിക തുകയായ 18,75,69,037.90 രൂപയാണ് സർക്കാർ ഇത്തരത്തിൽ അടച്ചുതീർക്കുന്നത്.